കോഴിക്കോട്: കേരളത്തില്‍ അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വിനിയോഗിക്കണമെന്ന് കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.
എയിംസ് പദ്ധതിക്കായി കേരള സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത് കിനാലൂരിലാണെന്ന് ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
200 ഏക്കര്‍ ഭൂമി കണ്ടെത്തി കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി നിര്‍ദ്ദേശം സമര്‍പ്പിച്ച ഏക സ്ഥലമാണ് കിനാലൂര്‍. ഇതില്‍ 150 ഏക്കര്‍ കെഎസ്ഐഡിസിയുടെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഭാവി വികസനത്തിനായി 250 ഏക്കര്‍ വരെ അധിക ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നും ചേംബര്‍ പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
കോഴിക്കോടിന് അനുവദിച്ച നിര്‍ദ്ദിഷ്ട കിനാലൂര്‍ എയിംസ് പദ്ധതി അനിശ്ചിതകാലമായി നീട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ അനാസ്ഥക്കെതിരേ സാമൂഹിക-സാംസ്ക്കാരിക സംഘടനകള്‍ ഒരുമിക്കണമെന്ന് സിറ്റിസണ്‍സ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി സംയുക്തയോഗം ആവശ്യപ്പെട്ടു.
നിര്‍ദ്ദിഷ്ട പദ്ധതി സ്ഥല പരിമിതിയുടെ കുരുക്കുകളില്‍പ്പെടുത്തി ഇതര ജില്ലകളിലേക്ക് കടത്തുവാനുള്ള ഹീന ശ്രമങ്ങള്‍ക്കെതിരേ ജാഗരൂകരാകണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ചെയര്മാന് ടി.പി. നസീര്‍ ഹുസൈന്, മുഹമ്മദ് അഷ്റഫ്, ഷഫീഖ് രായംമരക്കാര്‍, എന്‍ജിനീയര്‍ മമ്മദ്കോയ, മുസ്തഫ മുഹമ്മദ്, ഖാദര്‍ പാലാഴി, ഡോ. മുഹമ്മദ്കുട്ടി, സി.എ. ആലിക്കോയ എന്നിവര്‍ സംസാരിച്ചു.